നിങ്ങളിലുമുണ്ട്, നിങ്ങളുടെ മക്കളിലുമുണ്ട് ട്രാൻസ്ജെൻഡർ.
അതെങ്ങിനെ മനസ്സിലാകും?
പ്രസവിക്കുന്ന സമയത്ത് ഡോക്ടർ നമ്മോട് പറയും ആൺകുട്ടിയാണ് പെൺകുട്ടിയാണ് എന്നൊക്കെ. എന്നാൽ ബോഡി പാർട്സ് നോക്കി നിർണയിക്കാൻ കഴിയുന്ന ഒന്നല്ല ജെൻഡർ ഐഡന്റിറ്റി. വെറും ആണിലും പെണ്ണിലും ഒതുങ്ങുന്നവരല്ല നമ്മൾ മനുഷ്യർ.
ഭിന്നശേഷിയുള്ളവരും കോങ്കണ്ണ് ഉള്ളവരും കഷണ്ടിക്കാരും നരയുള്ളവരും ഒരു കുടുംബത്തിൽ ഉണ്ടാകുന്നതു പോലെ തന്നെ സംഭവിക്കുന്ന ഒന്നാണ് ട്രാൻജെൻഡർ ബെർത്തും. ആരുടെ വീട്ടിലും ട്രാൻജെൻഡർ ജനിക്കാം. ഏത് ഉദരത്തിലുമതിനു പിറക്കാം.
ജനന സമയത്ത് ഇതു മനസ്സിലാവില്ല. ജനന സമയത്ത് ഇതു കണ്ടെത്താനുള്ള യാതൊരു ജെനിറ്റിക്, മെഡിക്കൽ, സൈക്കോളജിക്കൽ ടെസ്റ്റും ശാസ്ത്രം ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.
ജെൻഡർ ഐഡന്റി തീരുമാനിക്കുന്ന തലച്ചോറിലെ ഭാഗം ഏതെന്ന് ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വളർന്നു കഴിഞ്ഞാൽ മാത്രമാണ് ഒരു വ്യക്തിയുടെ ലിംഗസ്വഭാവം പൂർണ്ണമായി മനസ്സിലാകൂ. ലിംഗസ്വഭാവം എന്നത് നമ്മുടെ ജനനേന്ദ്രിയമല്ല.
തീർന്നോ? ഇല്ല. ജനന സമയത്തോ നിലവിലോ പൂർണ്ണപുരുഷനായിരിക്കുന്ന ഒരാണിൽ പതിയെ ഒരു സ്ത്രീ കടന്നു കൂടാം. തിരിച്ചും സംഭവിക്കാം.
ഒരു സ്ത്രീയിൽ കാലക്രമേണ പുരുഷഭാവങ്ങൾ കൂടിക്കൂടി വരാം. ചുരുക്കത്തിൽ നമ്മുടെ ബോഡി പാർട്സുകളല്ല നമ്മുടെ ജെൻഡർ ഐഡന്റിറ്റി തീരുമാനിക്കുന്നത്, മറിച്ചു നമ്മുടെ ബയോളജിയാണ്.
ബയോളജികളും അനാട്ടമികളും ഹോർമോണുകളും ഒപ്പം സോഷ്യൽ കൺസ്ട്രക്റ്റും കൂടി തീരുമാനിക്കുന്ന ഇത്തരം കളികളിൽ നമ്മുടെ മത/സാമൂഹിക/ഗാർഹിക വാശികൾ കൊണ്ടോ പൂജകൾ കൊണ്ടോ ശിക്ഷകൾ കൊണ്ടോ ഒരു കാര്യമില്ല.
ഒരമ്മ പെറ്റ അഞ്ചു ആൺകുട്ടികളും പുരുഷൻമാരാവണമെന്ന് നമുക്ക് ആഗ്രഹമുണ്ടായിരിക്കാം, പക്ഷേ പ്രകൃതിക്കും ദൈവത്തിനും അങ്ങനെ ഒരു നിർബന്ധമേയില്ല.
ഇങ്ങനെ ജനിക്കുന്നവർ വേറെ ഏതോ ജീനിൽ പെട്ടവരാണെന്ന് കരുതരുത്. ഇന്ന് അങ്ങനെയൊരാൾ നിങ്ങളുടെ വീട്ടിലോ ബന്ധുക്കളിലോ ഇല്ലെന്നു കരുതി ഇനിയൊരിക്കലും അങ്ങനെയൊരു കുഞ്ഞു പിറക്കില്ല എന്ന മൂഢവിശ്വാസവും വേണ്ട.
വളർച്ചയുടെ പടവുകളിൽ വെച്ച് ഏതൊരു അച്ഛന്റെയും അമ്മയുടെയും മക്കൾക്ക് താഴെയുള്ള എന്തുമായും ആയിത്തീരാം.
Male
female
Transgender
non-binary
genderqueer
Cisgender
Cross-Dresser
Drag King
Drag Queen
Gender Dysphoria
Gender Fluidity
Gender nonconforming
Intersex
ഈ വിഭാഗങ്ങളിലേതിലെങ്കിലുമൊന്നിലാണ് നാം ഉള്ളത്. അല്ലാതെ എല്ലാവരും മെയിലും ഫീമെയിലുമല്ല. നാമത് പഠിച്ചിച്ചിട്ടില്ല, മനസ്സിലാക്കിയിട്ടില്ല, തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല എന്നതുകൊണ്ട് നമ്മളാരും പൂർണ്ണപുരുഷരും പൂർണ്ണ സ്ത്രീകളും ആകുന്നില്ല. ആയാൽ തന്നെ അതൊരു തുടർച്ചയുള്ള ഡി എൻ എ ആവണമെന്നില്ല.
നിങ്ങളുടെ പരിചിതരെ തന്നെ നോക്കൂ, അതിൽ പൂർണ്ണമായും പുരുഷൻമാരായവരുണ്ട്. പൂർണ്ണമായും സ്ത്രീകളായവരുണ്ട്. കൂടുതൽ പുരുഷത്വവും കുറച്ചു സ്ത്രീത്വവും ഉള്ളവരും കൂടുതൽ സ്ത്രീത്വവും കുറച്ചു പുരുഷത്വമുള്ളരുമുണ്ട്.
ഇതിലൊന്നും പെടാത്ത മറ്റൊന്നാണ് ലെസ്ബിയനിസവും ഗേ പ്രവണതയും. മുകളിൽ പറഞ്ഞ എല്ലാ വിഭാഗം ആളുകളിലും സ്ട്രൈറ്റ്, ലെസ്ബിയൻ, ഗേ തരംതിരിവുകൾ കാണാം.
ഇതൊരു മനോരോഗമാണോ? അല്ല. തൊഴിലെടുക്കാനും കുടുംബം പോറ്റാനും ദൈനംദിന ജീവിതവ്യവഹാരങ്ങൾ പുലർത്താനും സാമൂഹിക ഇടപെടലുകൾ നടത്താനും ഒരാൾക്കു കഴിയുന്നുണ്ടെങ്കിൽ ആ വ്യക്തിയെ മാനസികരോഗിയായി മനശ്ശാസ്ത്രം കണക്കാക്കുന്നില്ല.
മുൻകാലങ്ങളിൽ ഇതിനെ ജെൻഡർ ഐഡന്റിറ്റി ഡിസ്ഓർഡർ ആയി കണക്കാക്കിയിരുന്നതും മോഡേൺ മെഡിസിനിൽ നിന്നും നീക്കം ചെയ്തു.
ഇതൊന്നുംതന്നെ പുതിയ കാര്യങ്ങളുമല്ല. ഖാസി,ഹിജ്‌ര,മുഖന്നത്,മംസൂഹ്,ഖുന്ത എന്നിങ്ങനെ പ്രവാചക ഹദീസുകളിലും ഇസ്ലാമികചരിതങ്ങളിലും നമുക്കിതു കാണാം.
ഇല, ക്ലിബ, ശിഖണ്ടി തുടങ്ങി ഹിന്ദു മിത്തോളജികളിൽ എമ്പാടും ഇത്തരം കഥാപാത്രങ്ങൾ ഉണ്ട്. എല്ലാ ചരിത്ര, ഐതീഹ്യ,മത, പുരാണ, സാംസ്കാരിക, നാഗരിക പശ്ചാത്തലങ്ങളിലും ഇതു തന്നെ നമുക്ക് ദർശിക്കാൻ കഴിയും.
ഇതെല്ലാം കൊണ്ടു തന്നെ ഈയൊരു യാഥാർത്ഥ്യത്തോട് ആധുനിക സമൂഹത്തിന് മുഖം തിരിച്ചു നിൽക്കാനാവില്ല. ഹറാസ്മെന്റുകളും വയലൻസും ഡിസ്ക്രിമിനേഷനുകളും പ്രകടിപ്പിക്കുന്നത് പുരോഗമന ചിന്തയുടെ ലക്ഷണമല്ല.
ഇതു തന്നെ ഒരു കാലത്ത് സ്ത്രീ സമൂഹം അനുഭവിച്ചിരുന്നു. അവർക്കു പുറത്തിറങ്ങാൻ പാടില്ലായിരുന്നു. ഉച്ചത്തിൽ ഉരിയാടരുതായിരുന്നു. പഠിക്കാനും തൊഴിലെടുക്കാനും വിലക്കുണ്ടായിരുന്നു.
കറുത്ത വർഗ്ഗക്കാരും കീഴ്ജാതികളും അടിമകളും യാദവരും തുടങ്ങി ഹോമോസാപ്പിയൻസായി പിറന്ന അനവധി നിരവധിയായ ഇതര ലോക സമൂഹങ്ങളും ഇതെല്ലാം തരണം ചെയ്താണ് അവരവരുടെ ഐഡന്റിറ്റികൾ ഈ ഭൂതലത്തിൽ രേഖപ്പെടുത്തിയത്.
ഇപ്പറഞ്ഞവരെല്ലാം ചരിത്രത്തിന്റെ ഭൂതകാലച്ചെരിവുകളിൽ ഒരുകാലത്ത് അസ്വീകാര്യരും നിഷ്കാസിതരും മതഭ്രഷ്ട് കൽപിക്കപ്പെട്ടവും അബലരും വിലക്കപ്പെട്ടവരുമായിരുന്നു.
ഇന്നവർക്ക് ശബ്ദമുണ്ട്. അക്കൗണ്ടബിലിറ്റി ഉണ്ട്.നിയമങ്ങളും സാമൂഹിക പരിരക്ഷയുമുണ്ട്.
ഇന്ന് അതേ വെളിച്ചത്തിനായി കേഴുന്നവർ ട്രാൻസ്ജെൻഡർ വിഭാഗങ്ങളാണെന്നു മാത്രം. അവരും കാലത്തിന്റെ നീതിപീഠത്തിൽ കാലക്രമേണ അംഗീകരിക്കപ്പെടും. ട്രാൻസ്ഫോബിയകളിൽ നിന്ന് സമൂഹവും മുക്തി നേടും.
നിരവധി മതവേദികൾ ഇന്ന് ഇതു ചർച്ചചെയ്യുന്നു. നിരവധി ക്രിസ്ത്യൻ സഭകൾ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുന്നു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ നിരവധി നിയമ നിർമ്മാണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മീഡിയകൾ ഇവരുടെ ശബ്ദങ്ങൾക്ക് ഇടം നൽകിത്തുടങ്ങിയിരിക്കുന്നു. നിരവധി രാജ്യപാർലിമെന്റുകളിൽ അവർ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ആശാവഹം തന്നെ. എന്നിരുന്നാലും നമ്മുടെ കുടുംബങ്ങളിൽ, വിദ്യാലയങ്ങളിൽ, ആരോഗ്യ കേന്ദ്രങ്ങളിൽ, തൊഴിലിടങ്ങളിലും താമസസ്ഥലത്തും, സർക്കാർ പരിഗണനകളിലും, കോടതി -നിയമ വ്യവഹാരങ്ങളിലും അവരെയും മനുഷ്യരായി പരിഗണിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു.
കാരണം അവർ എവിടെയോ എങ്ങോ അങ്ങു ദൂരെയല്ല, അവർ നമ്മളിൽ തന്നെയുണ്ട്. അവരിലൊരാൾ നാളെ നമ്മുടെ വീട്ടിലും ജനിക്കാം. ജനിച്ചു കഴിഞ്ഞിട്ടുണ്ടാവാം.
നമ്മുടെ മക്കളുടെ ജെൻഡർ ഐഡന്റിറ്റികൾ ഐഡന്റിഫൈ ചെയ്യാൻ നമ്മളും പഠിക്കണം. അവരുടെ എക്സ്പ്രഷൻസും ബോഡീ ഡൈവേഴ്സിറ്റിയും കൗമാരത്വവും മുൻവിധികളില്ലാതെ നിരീക്ഷിക്കാനും കറക്റ്റ് ചെയ്യാനും നമ്മളും അറിവു നേടണം. കാലത്തിന്റെ മാറ്റങ്ങളോട്, വിജ്ഞാന വിപ്ലവത്തിന്റെ തേട്ടങ്ങളോട്, മാറ്റമില്ലാത്ത മാറ്റങ്ങളോട് നമ്മളും സമരസപ്പെട്ടു മുന്നേറണം.