കാതൽ 2

കാതൽ 2

വാപ്പയുടേതും ഉമ്മയുടേയും, പ്രിയപ്പെട്ട ഒമ്പത് കണ്മണികളിലൊന്നായാണ് ട്രാൻസ്ജെൻഡർ ഷഫ്ന ഷാഫി പിറന്നു വീണത്. അസാധാരണത്വമൊന്നുമില്ലാതെ പിറന്ന എട്ടു പെൺമക്കൾക്കിടയിൽ ഉണ്ടായ ഏക ആൺതരി. ബാല്യവും കൗമാരവും യുവത്വവും വിവാഹവും പിന്നിട്ട് ഏറെക്കാലത്തിനു ശേഷം ഷാഫിയെന്ന ആൺ മകൻ ഷഫ്ന എന്ന പെണ്ണായി മാറി.

ഇങ്ങനെയുള്ളവരെ അറിയാൻ സാധിച്ചിട്ടില്ലാത്തവർക്ക് അവരെക്കുറിച്ച് അറിയിച്ചു തരാനും നമ്മുടെ സ്വന്തം വീട്ടിലും ട്രാൻസ്ജെൻഡർ പിറക്കാമെന്ന തിരിച്ചറിവ് തരാനുമാണ് ഷഫ്നയുടെ കഥ ഇവിടെ പറഞ്ഞു തരുന്നത്. അല്ലാതെ ഇത് ” മറ്റെവിടെയോ സംഭവിക്കാവുന്ന മറ്റാരുടേയോ” കഥയല്ല.

പത്താം ക്ലാസ് വരെ ഷഫ്ന പഠിച്ചു. അന്നൊക്കെ ഷാഫി ആയിരുന്നു. ഉള്ളിലെ പെണ്ണത്വം പ്രേരണയായപ്പോൾ ആരുമറിയാതെ നൃത്തം പഠിച്ചു. പിന്നീടത് പുറത്തറിഞ്ഞപ്പോൾ പ്രശ്നങ്ങളായി. എന്നാൽ അതിൽ നിന്നുമൊരു വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ പ്രശ്നങ്ങളെല്ലാം ഒതുങ്ങി. എന്നാൽ അപ്പോഴൊന്നും ഷഫ്ന എന്ന പെൺകുട്ടിയായ ആൺകുട്ടിയെ ആരും അറിഞ്ഞില്ല. ആരെയും ഷഫ്ന അത് അറിയിച്ചുമില്ല.

ഉള്ളിലുള്ള സ്ത്രീത്വത്തെ സ്വയം അടക്കി വെച്ചതിനു കാരണമുണ്ട്. വയസ്സായ ഉമ്മ, വയസ്സായ ഉപ്പ. ഉപ്പ മരിക്കുമ്പോൾ നാലു സഹോദരിമാരുടെ കല്യാണമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു. ഉമ്മ മരിക്കുമ്പോൾ മൂന്നു പേർ പിന്നെയും ബാക്കി.

ഏറെ വൈകി മുപ്പത്തഞ്ചിലും നാൽപതിലുമൊക്കെയാണ് ബാക്കിയുള്ളവരുടെ വിവാഹം നടന്നത്. അതിൽ അവസാനത്തെ നാലുപേരുടെ വിവാഹം ഡാൻസിൽ നിന്നുമുള്ള വരുമാനം കൊണ്ട് ഷഫ്ന സഫലമാക്കി. അവരുടെ ഭാവി സുരക്ഷിതമാക്കി. അതുവരെയും ഷഫ്ന, ഷാഫിയായി ജീവിച്ചു.

ഇതിനിടയിൽ ഇടതുസർക്കാറിന്റെ ജെൻഡർ വെളിപ്പെടുത്താനുള്ള ആനുകൂല്യം ഉപയോഗിച്ച് ഷാഫി തന്റെ സ്വത്വത്തെ പരസ്യമായി പ്രഖ്യാപിച്ചു. റേഷൻ കാർഡിലും ആധാർ കാർഡിലും ടി ജി കാർഡിലും എല്ലാം ട്രാൻസ്ജെൻഡർ എന്നാക്കി മാറ്റി. ഷഫ്നയെന്ന പേര് സ്വീകരിച്ചു.

എന്നാൽ ഇതിനും എത്രയോ മുമ്പ് തന്നെ നിരവധിയായ കാര്യങ്ങൾ ഷഫ്ന ചിന്തയിലുറപ്പിച്ചു കഴിഞ്ഞിരുന്നു. പെങ്ങമ്മാരെ കെട്ടിച്ചു. അവരുടെ മക്കളെ വരെ നോക്കി. ഒരു ഉമ്മയുടെയും ഉപ്പയുടെയും റോളുകൾ ജീവിതത്തിൽ ചെയ്തു. ഇനിയെന്തിന് ഇങ്ങനെ സ്വയം ഒളിപ്പിച്ച് ജീവിക്കണം?

എട്ടു പെൺമക്കൾക്കിടയിലുണ്ടായ ഏക ആൺതരി ട്രാൻസ് ആണ് എന്നത് ആർക്കും ഉൾക്കൊളളുക എളുപ്പമായിരുന്നില്ല. പ്രഖ്യാപനത്തോടെ വീട്ടിലും നാട്ടിലും പുതിയാപ്പിളമാരിലും പ്രശ്നങ്ങളായി. ഒന്നോ രണ്ടോ പേരൊഴികെ പ്രിയപ്പെട്ടവരെല്ലാം അകന്നു. പതിയെ പതിയെ സഹോദരിമാരുടെ വീട്ടിലേയ്ക്കുള്ള സന്ദർശനമൊക്കെ ഇല്ലാതായി. അവരുടെ മക്കളെ കാണാൻ പറ്റാതെയായി.

എങ്കിലും പ്രായം കവിഞ്ഞതിനാൽ ഇനി വിവാഹം വേണ്ടെന്നു പറഞ്ഞു നിന്ന ഒരു പെങ്ങളുടെ വിവാഹം ജെൻഡർ വെളിപ്പെടുത്തിയ ശേഷമുള്ള പ്രതിസന്ധിയിലും നടത്തിക്കൊടുത്തു. പലരുമതിൽ പങ്കെടുത്തില്ല. മൂത്ത പെങ്ങൾക്ക് ഇപ്പോൾ എഴുപതിനോടടുക്കുന്നു. പ്രായമായതിൽ പിന്നെ അവർക്ക് അവരുടെ ഏക ആങ്ങളയെ കാണണം. പ്രയാസമാകാതിരിക്കാൻ ആണിന്റെ വേഷത്തിലാണ് ഇപ്പോഴും ഷഫ്ന അവിടെ പോകുന്നത്. ട്രാൻസ് ആണെന്ന് പ്രഖ്യാപിച്ചതോടെ ജീവിതമിങ്ങനെ നിരവധിയായ മനോവിഷമങ്ങൾ നിറഞ്ഞതു കൂടിയായി.

നിരവധിയായ ചോദ്യങ്ങളും നേരിടേണ്ടിവന്നു. നീ മരിച്ചു കഴിയുമ്പോൾ ആണായിട്ടാണോ പെണ്ണായിട്ടാണോ മയ്യത്ത് (മൃതശരീരം) കുളിപ്പിക്കേണ്ടത്?

ചോദ്യം കേട്ട് ചങ്ക് പൊടിഞ്ഞ് അന്നു ഷഫ്ന നൽകിയ മറുപടി ഇതായിരുന്നു : കോവിഡും നിപ്പയുമൊക്കെ വന്നപ്പോൾ എത്രയോ ആളുകളെ ആണോ പെണ്ണോ എന്ന് നോക്കാതെ കുളിപ്പിക്കാതെ കുഴിച്ചു മൂടിയിരിക്കുന്നു. അവരുടെ അടുത്തും വന്നിട്ടുണ്ടാകും മുൻകറും നകീറും ഒക്കെ. (മുസ്ലിം വിശ്വാസ പ്രകാരം മരണശേഷം ഖബറിൽ വരുന്ന മാലാഖമാരാണ് മുൻകറും നകീറും)

” ഇനിയെന്ത് ഉണ്ടായാലും എനിക്ക് ഈ ജീവിതം തന്നെയാണ് വലുത്, എന്റെ യഥാർത്ഥമായ ആത്മാവിനോട് നീതി പുലർത്തലാണ് ശരി എന്ന് ഷഫ്ന തീരുമാനിച്ചു. ഏത് സഭയിലും ഏതു സമൂഹത്തിന്റെ മുന്നിലും എനിക്കു ഞാനായി നിൽക്കണം. സമൂഹത്തിന്റെ അറിവില്ലായ്മക്കു മുന്നിൽ “ഞാൻ അല്ലാത്തൊരു എന്നെ” കപടമായി കാണിക്കാൻ എനിക്കു കഴിയുമായിരുന്നില്ല”

ഇന്ന് ഷഫ്നയും ഷഫ്നയുടെ അതേ പ്രകൃതം ഉള്ളവരും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഈ അടുത്തും കഷ്ടപ്പെട്ട് പോയ രണ്ടുപേരുടെ വിവാഹങ്ങൾ ഷഫ്ന ഒറ്റയ്ക്ക് നടത്തിക്കൊടുത്തു. മിശ്ര വിവാഹങ്ങളും ഇതിലുണ്ട്.

ഷഫ്ന ഇന്നും മുസ്ലിമായി ജീവിക്കുന്നു. എങ്കിലും പള്ളികളിൽ പ്രവേശനമില്ല. പൗരോഹിത്യത്തിന് ഇവരെ എന്ത് ചെയ്യണം എന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമില്ല. അല്ലെങ്കിലും
ആർക്കും വേണ്ടാത്തവർക്ക് എന്ത് മതം എന്ന് ഷഫ്ന ചോദിക്കുന്നു. എല്ലാവരെയും മനുഷ്യരായി കാണാൻ ശ്രമിക്കുന്നു. മതങ്ങളുടേതല്ലാത്ത ദൈവീകതയോടൊപ്പം ഷഫ്ന സഞ്ചരിക്കുന്നു.

ഷഫ്ന ഇന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റും ഒരു ഡാൻസ് ടീച്ചറും ആണ്. സ്കൂൾതല കലോത്സവങ്ങളിൽ അവർ പഠിപ്പിച്ച വിദ്യാർത്ഥികൾ നിരവധിയായ ഗ്രേഡുകൾ നേടിക്കൊണ്ടിരിക്കുന്നു.

ഈയടുത്ത് ഒരു ചാനൽ അവരുമായി നടത്തിയ ഇൻറർവ്യൂവിൽ ട്രാൻസ്ജെൻഡേഴ്സിനെ കുറിച്ച് എഴുതിയ “നിങ്ങളുടെ വീട്ടിലും ഉണ്ടാകാം ട്രാൻസ്ജെൻഡർ” എന്ന എന്റെ ലേഖനത്തെക്കുറിച്ച് സഫ്ന പരാമർശിച്ചിരുന്നു. മുത്തു നവ രത്ന മുഖം എന്ന 1921ലെ പാട്ടു പാടിയ നൗഷാദ് ബാബുവും കവി ജി പി കുഞ്ഞബ്ദുള്ളയും ഞാനും ഒരു കലാ ചർച്ചയിൽ ഇരിക്കവേ അപ്രതീക്ഷിതമായാണ് ഷഫ്ന വന്നു പരിചയപ്പെടുന്നത്.

ജെൻഡർ വെളിപ്പെടുത്താനനുവാദമില്ലാത്ത ഒരു സമൂഹത്തിന്റെ പ്രാതിനിധ്യം ചുമന്ന് കൊണ്ട് ഷാഫിയെ ഒരിക്കൽ ഒരു പെൺകുട്ടിയെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നുണ്ട്. തനിക്ക് ശേഷം പിറന്ന രണ്ടു പെൺകുട്ടികൾക്ക് തടസ്സമാകാതിരിക്കാൻ വേണ്ടിയുള്ള കല്യാണം. കാതൽ എന്ന സിനിമയുടെ മറ്റൊരു വേർഷൻ. ഏഴുവർഷത്തിനു ശേഷം ആ ബന്ധം വേർ പിരിയുന്നുണ്ട്. അതിനൊക്കെയും ശേഷമാണ് സ്വന്തം അസ്തിത്വം ഷഫ്ന പ്രഖ്യാപിക്കുന്നത്.

“പെണ്ണായ ഞാൻ മറ്റൊരു പെണ്ണുമായുള്ള വിവാഹം ഇനി ആഗ്രഹിക്കുന്നില്ല. ആണും പെണ്ണുമായി മാത്രം മനുഷ്യരെ മനസ്സിലാക്കിയ ഒരു സമൂഹത്തിന് ഞങ്ങളെ മനസ്സിലാകില്ല”

വിവാഹ മോചന ശേഷം ഒന്നര വർഷം മുമ്പ് ഷഫ്ന ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു. അങ്ങനെ മനസ് കൊണ്ടു മാത്രമല്ല ശരീരം കൊണ്ടും പെണ്ണായി മാറി. അക്കഥകളിപ്പോൾ യൂട്യൂബിൽ വന്നു കൊണ്ടിരിക്കുന്നു. ലിങ്ക് ആദ്യ കമന്റിൽ കൊടുത്തിട്ടുണ്ട്.

അടിമകളും സ്ത്രീകളും താഴ്ന്ന ജാതിക്കാരും കറുത്തവരും ജൻമം കൊണ്ട് അയിത്തം കൽപ്പിക്കപ്പെട്ടവരും ഭിന്നശേഷിക്കാരും കഴിഞ്ഞകാല ഇരുട്ടുകളിൽ നിന്നും വെളിച്ചത്തിലേക്ക് എങ്ങിനെയൊക്കെ നടന്നടുത്തുവോ, അതേപോലെ തിരസ്കരിക്കപ്പെട്ടു നിൽക്കുന്ന ഭൂമിയിലെ ഓരോ ന്യൂനപക്ഷവും അവരുടെ സ്വത്വം വീണ്ടെടുക്കുക തന്നെ ചെയ്യും.

വെളിച്ചത്തിൽ നിന്നും വെളിച്ചത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കാലത്തെ, അറിവില്ലായ്മകളുടെ പഴഞ്ചൻ സംഹിതകൾ വച്ച് തടയിടാൻ കഴിയില്ല എന്ന് കാലം തന്നെ നമ്മോട് സാക്ഷി പറയുന്നു. ഭൂമിയിലെ വൈവിധ്യങ്ങളെ സൃഷ്ടിച്ചവൻ ദൈവമാണെങ്കിൽ, കാലത്തിൻറെ ഉടമയും അവൻ തന്നെ. അങ്ങനെയെങ്കിൽ കാലത്തിന്റെ വഴിമുടക്കാൻ വരുന്നവരൊന്നും അവന്റെ പ്രതിനിധികളാവില്ല.

Leave a Reply

Your email address will not be published.